
തിരുവനന്തപുരം :- കേരളപ്പിറവി ദിനത്തിൽ കെ സ്മാർട്ട് പദ്ധതി സർപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.സംസ്ഥാനത്തിന്റ അഭിമാന പദ്ധതി എന്ന് ഊറ്റംകൊള്ളുന്ന കെ സ്മാർട്ട് നവംബർ ഒന്നിന് നിലവിൽ വരും.സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ എന്ന ആശയത്തിലൂന്നി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും പദ്ധതി നാടിന് സമർപ്പിക്കുക.
സർക്കാർ സേവങ്ങളെല്ലാം കേരള സൊല്യൂഷൻ ഫോർ മാനേജ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ എന്ന ആപ്പ് വഴി ലഭ്യമാക്കുന്നതാണ് കെ സ്മാർട്ട് പദ്ധതി. ലോകത്ത് എവിടെ ഇരുന്നും അപേക്ഷകൾ നൽകാനും സ്വീകരിക്കാനും അവസരമൊരുക്കുന്ന ഈ പദ്ധതിയുടെ മുദ്രാവാക്യം ‘സന്തോഷവാന്മാരായ പൗരന്മാരും ജീവനക്കാരും’ എന്നതാണ്. ജീവനക്കാർക്ക് തങ്ങളുടെ മൊബൈൽ ഫോൺ വഴി ജോലികൾ നിറവഹിക്കാനാകും എന്നതും അഴിമതിക്ക് തടയിടാനാകും എന്നതും ഈ പദ്ധതിയിലെ ശ്രേദ്ധേയമായ വസ്തുതകളാണ്.
പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത മുപ്പത്തോളം സോഫ്റ്റ്‌വെയറുകൾ ജനുവരി മുതൽ പരീക്ഷണത്തിലാണ്. വ്യാപാര – വാണിജ്യ ലൈസൻസുകൾ, വസ്തുനികുതി, പൊതുജന പരാതി പരിഹാരം തുടങ്ങി ആദ്യഘട്ടത്തിൽ 10 മോഡ്യുളുകളിലെ സേവനം ലഭ്യമാക്കും .



