Author: Karuthal News
Date: 13-Dec-2023

9 mins read

PRD NEWS KOLLAM (13/12/2023)

ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

 നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം  ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ അവതരിപ്പിക്കുന്ന ഓട്ടം ‘ഫ്‌ളാഷ് മോബ്’ ഇന്ന് (ഡിസംബര്‍ 14) പെരിനാട് പഞ്ചായത്ത്‌കേന്ദ്രത്തിലും ചാതുര്യം ‘ശാസ്ത്രീയ നൃത്തം, മൈം’ ഡിസംബര്‍ 19ന്  കുണ്ടറ സിറാമിക് മൈതാനത്തും നടത്തും.
ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ എച്ച് എസ് എസ് പൂതക്കുളം സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ (ഡിസംബര്‍ 15) വൈകിട്ട് 4:30ന് ഫുട്‌ബോള്‍ മത്സരം. 16ന് വൈകിട്ട് 4:30ന് വിളംബരറാലിയും മെഗാതിരുവാതിരയും പഞ്ചായത്ത് മിനി സ്റ്റേഡിയം ഗ്രൗണ്ടില്‍.
ചവറ നിയോജകമണ്ഡലത്തില്‍  ശക്തികുളങ്ങര മേഖലാസംഘാടകസമിതിയുടെ നേതൃത്വത്തില്‍ ശരീര സൗന്ദര്യമത്സരം ഡിസംബര്‍ 16 വൈകിട്ട് 5 മണി മുതല്‍ കാവനാട് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. ഉദ്ഘാടനം സുജിത്ത് വിജയന്‍പിള്ള എം എല്‍ എ നിര്‍വഹിക്കും.

ഉപതിരഞ്ഞെടുപ്പ് ഫലം

ജില്ലയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ ഉപതിരഞ്ഞെടുപ്പ് ഫലം ചുവടെ:
തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (ജനറല്‍) വാര്‍ഡില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. മുകേഷ് (കണ്ണന്‍), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (സ്ത്രീ സംവരണം) വാര്‍ഡില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷീബ, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ  വിലങ്ങറ (സ്ത്രീ സംവരണം) വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ഹരിത അനില്‍, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (ജനറല്‍) വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥി ശ്യാം എസ്, എന്നിവര്‍ വിജയിച്ചു.

വോട്ട് നില
തഴവ ഗ്രാമപഞ്ചായത്തിലെ 18 കടത്തൂര്‍ കിഴക്ക് (ജനറല്‍) എം. മുകേഷ് (കണ്ണന്‍) ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (855 വോട്ടുകള്‍)നേടി വിജയിച്ചു. അഡ്വ.അജയന്‍ വാഴപ്പള്ളി- ഭാരതീയ ജനതാ പാര്‍ട്ടി 606 വോട്ടുകളും കടുത്തറ ലത്തീഫ് -കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 296 വോട്ടുകളും നേടി.
പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (സ്ത്രീ സംവരണം) ഷീബ- ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  (563 വോട്ടുകള്‍) നേടി വിജയിച്ചു. താഹിറ ഇബ്രാഹിംകുട്ടി – സ്വതന്ത്രന്‍ 3 വോട്ടുകള്‍,  താഹിറ കബീര്‍- സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) 425 വോട്ടുകള്‍, ബീനാറാണി- ഭാരതീയ ജനതാ പാര്‍ട്ടി 39 വോട്ടുകള്‍,  രേണുകയമ്മ (രേണുക ടീച്ചര്‍)- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 204 വോട്ടുകളും നേടി.
ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (സ്ത്രീ സംവരണം) വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ഹരിത അനില്‍ (440 വോട്ടുകള്‍) നേടി വിജയിച്ചു. രോഹിണി -ഭാരതീയ ജനതാ പാര്‍ട്ടി 371 വോട്ടുകള്‍, സുലോചന ടീച്ചര്‍- ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 233 വോട്ടുകളും നേടി.
കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ  വായനശാല (ജനറല്‍) വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥി ശ്യാം എസ്  (549 വോട്ടുകള്‍) നേടി വിജയിച്ചു. രവീന്ദ്രന്‍ പിള്ള ജി- ഭാരതീയ ജനതാ പാര്‍ട്ടി 208 വോട്ടുകള്‍, റഹിംഖാന്‍ ബി- ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 482 വോട്ടുകളും നേടി.

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം : മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

അഷ്ടമുടി കായലില്‍ 2023 ഡിസംബര്‍ 9ന് നടന്ന പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായുള്ള മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച കവറേജിന് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍ക്കും വീഡിയോഗ്രാഫര്‍ക്കുമാണ് അവാര്‍ഡ്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു കോപ്പി ബന്ധപ്പെട്ട പത്രത്തിന്റെ ന്യൂസ് എഡിറ്ററുടെയോ ബ്യൂറോ ചീഫിന്റെയോ സാക്ഷ്യപത്രം സഹിതമാണ് നല്‍കേണ്ടത്. ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകളും അവാര്‍ഡിനായുള്ള ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ ആക്കി ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം സഹിതം നല്‍കണം. ഫോട്ടോഗ്രാഫി അവാര്‍ഡിനായി ഫോട്ടോകള്‍ 12 ഃ 8 വലിപ്പത്തില്‍ പ്രിന്റ് എടുത്ത് മേലധികാരിയുടെ സാക്ഷ്യപത്രവും പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും സഹിതം സമര്‍പ്പിക്കണം.
എന്‍ട്രികള്‍ ഡിസംബര്‍ 16ന് വൈകിട്ട് 5 ന് മുന്‍പ് മുന്‍പ് കലക്ടേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9847020388.

താക്കോല്‍ദാനം

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ നവകേരള സദസ്സിനോട് അനുബന്ധിച്ച് പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹരി വി നായര്‍ അധ്യക്ഷനായി. പട്ടികജാതി വിഭാഗത്തിന് 228, ജനറല്‍ വിഭാഗം -304, പട്ടികവര്‍ഗം- ഒന്ന് എന്നിങ്ങനെ ആകെ 533 വീടുകളാണ് അനുവദിച്ചത്.
ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അംഗം കെ ഉഷ, അംഗങ്ങളായ കരിങ്ങന്നൂര്‍ സുഷമ, രാധിക, വിക്രമന്‍ പിള്ള, ജോയിന്റ് ബി ഡി ഒ ഷജീറ, ജനപ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാര്‍ഷിക സെമിനാര്‍

പത്തനാപുരം നിയോജകമണ്ഡലത്തില്‍  നവകേരള സദസിന്റെ പ്രചരണാര്‍ഥം കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുലോചന അധ്യക്ഷയായി. കൃഷി വകുപ്പ് മുന്‍ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് കുമാര്‍ ‘ഫലവൃക്ഷത്തൈകളുടെ ശാസ്ത്രീയ പരിപാലനം’ വിഷയത്തില്‍ സെമിനാര്‍ നയിച്ചു. കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ സുനിത, ബ്ലോക്ക് സെക്രട്ടറി ശംഭു, തലവൂര്‍ കൃഷി ഓഫീസര്‍ റ്റി വൈ ജയന്‍, കാര്‍ഷികവികസനക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവകേരള സദസ്
കാഷ്യൂ കോര്‍പ്പറേഷന്‍ തൊഴിലാളികളും ജീവനക്കാരും പങ്കാളികളാകും

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസില്‍ കാഷ്യൂ കോര്‍പ്പറേഷനിലെ തൊഴിലാളികളും ജീവനക്കാരും പങ്കാളികളാകുമെന്ന് ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു.30 ഫാക്ടറികളിലെ 11000 തൊഴിലാളികളും 600 ജീവനക്കാരുമാണ് പങ്കെടുക്കുക.
‘തിരിച്ചുപിടിക്കാം കശുവണ്ടിയെ’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് പൊതുമേഖലയുടെ സംരക്ഷണത്തിനും തൊഴിലാളികള്‍ക്ക് ആശ്വാസംനല്‍കുന്നതിനുമായി കാര്യമായ സഹയമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. സ്വകാര്യ മേഖലയ്ക്ക് 30 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിക്കാനിരിക്കുകയാണ്.
നവകേരള സദസും ക്രിസ്തുമസും പ്രമാണിച്ച് കശുവണ്ടി പരിപ്പിനും, മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ക്കും 30% വരെ വിലക്കിഴിവാണുള്ളത്. ചിന്നക്കടയില്‍ പുതിയ തലമുറയില്‍പെട്ടവര്‍ക്ക് കശുവണ്ടിസംസ്‌കരണം മനസ്സിലാക്കുന്നതിനായി സംസ്‌കരണരീതിയും വിപണനവും പ്രദര്‍ശിപ്പിക്കുന്ന മേള ഡിസംബര്‍ 17 മുതല്‍ 24 വരെ നടത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

കേരഗ്രാമം പദ്ധതി യോഗം

 കേരഗ്രാമം പദ്ധതിയുടെ ആവിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. കല്ലുവാതുക്കല്‍, പൂതക്കുളം, ആദിച്ചനല്ലൂര്‍, ചിറക്കര, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കേരഗ്രാമം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്തു. ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട തെങ്ങുംതൈകള്‍ വിതരണംചെയ്യുന്നതിന് തീരുമാനമെടുത്തു.
 ഇത്തിക്കര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹോളില്‍ പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി-ഇന്‍-ചാര്‍ജ് കെ ജിപ്‌സണ്‍ അധ്യക്ഷനായി. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജില, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതീഷ് കുമാര്‍, വിവിധ ഗ്രാമപഞ്ചായത്തുകളിലെ എംജിഎന്‍ ആര്‍ഇജിഎസ് എഇമാര്‍, ഓവര്‍സിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ സെമിനാര്‍

നവകേരളസദസ്സിന്റെ ഭാഗമായി തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യസൗഹൃദ നവകേരളം വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടികളുടെ ദുരുപയോഗം തടയാന്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകരും ജാഗ്രത പാലിക്കണം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രം മരുന്നുകള്‍ ഉപയോഗിക്കാം. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ആന്റിബയോട്ടിക്കുകള്‍ വാങ്ങിഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
കേരളാ സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ എക്‌സെല്ലന്‍സ് ഇന്‍ മൈക്രോബയോം ഡയറക്ടര്‍ ഡോ സാബു തോമസ് ക്ലാസ് നയിച്ചു.
പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാദേവി അധ്യക്ഷയായി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിഷ മോള്‍, വൈസ് പ്രസിഡന്റ് സുനില്‍, പട്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, മറ്റു ജനപ്രതിനിധികള്‍, കലവൂര്‍ മെഡിക്കല്‍ ഓഫീസര്‍ അജിത് കുമാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അറിയിപ്പ്

കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 60 വയസ് പൂര്‍ത്തിയാക്കിയതിന്ശേഷം അതിവര്‍ഷാനുകൂല്യത്തിന് 2017 വരെ  അപേക്ഷ സമര്‍പ്പിച്ച്   ഇതുവരെ കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പിക്കണം. അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച കൈപ്പറ്റ് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍നമ്പര്‍ എന്നിവ   ക്ഷേമനിധിബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക്  ഫോണ്‍ 9746822396, 7025491386, 0474 2766843, 2950183.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

 എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍    യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്സ്   യോഗദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ്  പഠനരീതി.  അവസാന തീയതി  ഡിസംബര്‍ 31.  അപേക്ഷാഫോമിനും, വിവരങ്ങള്‍ക്കും  ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവന, വികാസ് ഭവന്‍ പി.ഒ തിരുവനന്തപുരം-33,  https://app.srccc.in/registerwww.srccc.in, ഫോണ്‍ 04712325101, 8281114464
ജില്ലയിലെ പഠന കേന്ദ്രങ്ങള്‍/ഫോണ്‍
• നേച്ചര്‍ യോഗ സെന്റര്‍ മൈലക്കാട് /9995813468
• അക്കാദമി ഫോര്‍ ഇന്നവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്
ഡെവലപ്‌മെന്റ് പരവൂര്‍, കൊല്ലം/ 9446559212
• സെന്റര്‍ ഫോര്‍ കരിയര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, കൊല്ലം/ 9447462472
• ആനന്ദമയ യോഗ കളരി റിസര്‍ച്ച് സെന്റര്‍, പെരിനാട് /9447958223
• യോഗിക് ലൈഫ് യോഗ സെന്റര്‍, കൊട്ടാരക്കര /8075716692
• പ്രാണ യോഗ ആന്റ് മെഡിറ്റേഷന്‍ സെന്റര്‍. കൊല്ലം/ 9446743100, 9447336144.
       

ഒറ്റത്തവണ വെരിഫിക്കേഷന്‍

 വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വെക്കേഷണല്‍ ടീച്ചര്‍ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍   കേരള പബ്ലിക് സര്‍വീസ് കമീഷന്‍ കൊല്ലം ജില്ലാ / മേഖല ഓഫീസുകളില്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എസ് എം എസ്/ പ്രൊഫൈല്‍ മെസേജില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ഹാജരാകണം.
 കാറ്റഗറി നമ്പര്‍ 576 /22 എന്‍ വി റ്റി ഫിസിക്‌സ് (എച്ച് എസ് എ യില്‍ നിന്നും തസ്തികമാറ്റം), കാറ്റഗറി നമ്പര്‍ 577/22 എന്‍ വി റ്റി -ഫിസിക്‌സ് (സീനിയര്‍) (എല്‍ പി /യു പി സ്‌കൂള്‍ ടീച്ചറില്‍ നിന്നും തസ്തികമാറ്റം), കാറ്റഗറി നമ്പര്‍ 579/22 എന്‍ വി ടി കൊമേഴ്‌സ് (എല്‍ പി /യു പി സ്‌കൂള്‍ ടീച്ചറില്‍ നിന്നും തസ്തികമാറ്റം),  കാറ്റഗറി നമ്പര്‍ 580/22 എന്‍ വി റ്റി കൊമേഴ്‌സ് (എച്ച് എസ് എയില്‍ നിന്നും തസ്തികമാറ്റം),  വെരിഫിക്കേഷന്‍ ഡിസംബര്‍ 21നും കാറ്റഗറി നമ്പര്‍ 588/22 എന്‍ വി റ്റി ബയോളജി ജൂനിയര്‍ തസ്തികയുടെ  വെരിഫിക്കേഷന്‍ ഡിസംബര്‍ 21, 22 തീയതികളിലുമാണ് നടത്തുന്നത്.  ഫോണ്‍ 0474 2745674.

നിധി ആപ്കേ നികട് അദാലത്ത്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്കേ നികട് അദാലത്ത്  ഡിസംബര്‍ 27ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കലക്‌ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരാതി പരിഹരിക്കല്‍ പി എഫില്‍പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍,  ഇ പി എഫ് ഒയുടെ പുതിയപദ്ധതികള്‍ എന്നിവ വ്യക്തമാക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കുളള സംശയങ്ങളും പരാതികളും പരിഗണിക്കും. ഫോണ്‍ 0474 2767645,  2751872.
(പി.ആര്‍.കെ നമ്പര്‍ 4015/2023)
കെല്‍ട്രോണ്‍ കോഴ്‌സുകള്‍

കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളായ അഡ്വാന്‍സ്ഡ്  ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മൈന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളോജിസ,് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാന്‍സ്ഡ്  ഗ്രാഫിക്‌സ്  ഡിസൈന്‍, ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്, അഡ്വാന്‍സ്ഡ്  ഓഫീസ്  ഓട്ടോമേഷന്‍  എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഫോണ്‍ 04712325154, 8590605260.

ഫാര്‍മസിസ്റ്റ്   നിയമനം

അഞ്ചല്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍   ഫാര്‍മസിസ്റ്റ്  തസ്തികയിലേക്ക് താത്കാലിക   നിയമനം നടത്തും. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി.   ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്.   അവസാനതീയതി  ഡിസംബര്‍ -19. ഫോണ്‍ 0475 2273560.

ഇ എം എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം:  ഡിസംബര്‍ 16 വരെ നീട്ടി

കേരള സംസ്ഥാന യുവജന കമ്മീഷന്‍   സംഘടിപ്പിക്കുന്ന പ്രസംഗമത്സരത്തില്‍ അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 16 വരെ നീട്ടി.  21 ന് കണ്ണൂര്‍, പള്ളികുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമന്‍സ് കോളജിലാണ്   മത്സരം. വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15,000,   10,000   5000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും   ലഭിക്കും.  
5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നല്‍കും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാനയുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33),നേരിട്ടോ നല്‍കാം.  ഫോണ്‍- 8086987262, 0471-2308630.

അപേക്ഷ ക്ഷണിച്ചു

 മത്സ്യഫെഡ്   ഒ ബി എം സര്‍വീസ് സെന്ററിലേക്ക് മെക്കാനിക്കിനെ നിയമിക്കും. യോഗ്യത: ഐ ടി ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷീനിസ്റ്റ് എന്നീ ട്രേഡുകളില്‍  യോഗ്യതയുളളവരും ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.  നിര്‍ദിഷ്ട യോഗ്യതയില്ലാത്തവരാണെങ്കില്‍ ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, ഹൈഡ്രോളിക് പ്രെസിങ് മെഷീന്‍ ഉപയോഗിച്ച് എന്‍ജിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം.  അസല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 18 വൈകിട്ട്  നാലിനകം   ജില്ലാ മാനേജര്‍,   മത്സ്യഫെഡ് ജില്ലാ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, നീണ്ടകര പി ഒ, കൊല്ലം 691582. വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 9526041317, 9495117169.

റേഷന്‍കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

റേഷന്‍കടകളുടെ സ്ഥിരലൈസന്‍സിയാകാന്‍ അപേക്ഷ ക്ഷണിച്ചു. കൊല്ലം താലൂക്കില്‍ പേരയം പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ എന്‍ എസ് നഗര്‍ പടപ്പക്കര 1207377  റേഷന്‍കടക്ക് പട്ടികജാതി  വിഭാഗത്തിലും, ചാത്തന്നൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ ബ്ലോക്ക് ഓഫീസ് ജംഗ്ഷന്‍ 1207281    റേഷന്‍കടക്ക്    ഭിന്നശേഷി  വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. 2024 ജനുവരി 11ന് വൈകിട്ട്  മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.
കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂര്‍ പഞ്ചായത്തില്‍ മാളിയേക്കല്‍ ജംഗ്ഷന്‍ 1210096, കൊല്ലം  താലൂക്കിലെ കൊല്ലം കോര്‍പ്പറേഷന്‍ മുണ്ടയ്ക്കല്‍ 1207418 എന്നീ നമ്പര്‍ റേഷന്‍കട  ലൈസന്‍സിയാകാന്‍ ഭിന്നശേഷി  വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കൊല്ലം കോര്‍പ്പറേഷന്‍ 44 ആം വാര്‍ഡില്‍ കോളജ് ജംഗ്ഷന്‍ 1207016 റേഷന്‍കടകള്‍ക്ക് പട്ടികജാതി    വിഭാഗത്തിലുംപെട്ടവര്‍ക്ക്  അപേക്ഷിക്കാം.
 2024 ജനുവരി 12 വൈകിട്ട്  മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധവിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക്  സപ്ലൈ ഓഫീസുകളിലും ലഭിക്കും. അപേക്ഷകവറിന് പുറത്ത് റേഷന്‍കട നമ്പര്‍, താലൂക്ക്, പരസ്യനമ്പര്‍   എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0474 2794818.

സര്‍ട്ടിഫൈഡ് ഇംഗ്ലീഷ് ട്രെയിനര്‍  

കുളക്കട  അസാപ് കമ്മ്യൂണിറ്റി സ്‌ക്കില്‍ പാര്‍ക്കില്‍   കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ പ്രവേശനം ആരംഭിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. കോഴ്‌സ്  പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സി ആയ എന്‍ സി വി ഇ റ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.  ബിരുദവും, അടിസ്ഥാന ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവുമുള്ളവര്‍ക്കും പങ്കെടുക്കാം. ആകെ 30 സീറ്റുകള്‍. ഫീസ്:12500 രൂപ. ഫോണ്‍ : 9961960581, 7356517834.

Related News

Popular News

വോട്ടര്‍ പട്ടിക പുതുക്കല്‍; ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക- ജില്ലാകലക്ടര്‍
വോട്ടര്‍ പട്ടിക പുതുക്കല്‍; ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയും 2024 ജനുവരി ഒന്ന്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കൊല്ലം :- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയിലായി. കല്ലുവാതുക്കൽ...

പ്രഭാത വാർത്തകൾ 15/12/23
പ്രഭാത വാർത്തകൾ 15/12/23

കേരളത്തിലെ ആറു പേരടക്കം 14 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര...

പകര്‍ച്ച പനിക്കെതിരെ ശുചീകരണത്തിന്റെ മുന്‍കരുതലെടുക്കണം – ജില്ലാ വികസന സമിതി
പകര്‍ച്ച പനിക്കെതിരെ ശുചീകരണത്തിന്റെ മുന്‍കരുതലെടുക്കണം – ജി

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കെ...

അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍
അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍

അന്തരീക്ഷതാപനില കുതിച്ചുയര്‍ന്ന് 40 ഡിഗ്രിവരെയെത്തിയ പശ്ചാത്തലത്തില്‍ എല്ലാവരും അതീവജാഗ്രത...