
സിനിമാ പ്രേമികളെ ഹരം കൊള്ളിക്കാൻ റിലീസിനൊരുങ്ങി പുഷ്പ 2 . സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഓഗസ്റ്റ് 15 ന് ‘പുഷ്പ: ദി റൂൾ’ തിയേറ്ററുകളിലെത്തും. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് മലയാളികളുടെ ഇഷ്ട താരമായ ഫഹദ് ഫാസിൽ ആണ്. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികായി എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.



