Author: Karuthal News
Date: 15-Dec-2023

3 mins read

പ്രഭാത വാർത്തകൾ 15/12/23

കേരളത്തിലെ ആറു പേരടക്കം 14 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു

ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ചതിനാണു സസ്പെന്‍ഷന്‍. ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, വി.കെ. ശ്രീകണ്ഠന്‍, തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി, ഡിഎംകെയിലെ കനിമൊഴി, സിപിഎമ്മിലെ പി.ആര്‍. നടരാജന്‍, സഭയില്‍ ഇല്ലാതിരുന്ന ഡിഎംകെ എംപി പാര്‍ത്ഥിബന്‍ തുടങ്ങിയ 14 പേരെയാണു ലോക്സഭയില്‍നിന്ന് ആദ്യം സസ്പെന്‍ഡു ചെയ്തത്. പാര്‍ഥിബന്‍ സഭയില്‍ ഇല്ലായിരുന്നെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും ഈ സമ്മേളന കാലത്തേക്കു സസ്പെന്‍ഡ് ചെയ്തു.

പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ഡല്‍ഹി കര്‍ഥ്യവ് പഥ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുവരേയും പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ലളിത് അധ്യാപകനാണ്. ഇയാള്‍ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായി.

കേരളത്തിലെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് പന്ത്രണ്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും ടൂറിലാണ്. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങി. പെന്‍ഷനും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കു കൂലിയും കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ക്ക് ശമ്പളവും നല്‍കാനാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കേയാണ് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചത്.

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബലാല്‍സംഗവും കൊലപാതകം നടന്നിട്ടും പോലീസും പ്രോസിക്യൂഷനും തെളിവുകള്‍ ഹാജരാക്കിയില്ലെന്നു പോക്സോ കോടതി

പ്രതിയായ അര്‍ജുനനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റി. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണം ഉദ്യോഗസ്ഥന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിലും വീഴ്ച പറ്റിയെന്നും വിധിയില്‍ പറയുന്നു. കോടതിവിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് പൊലീസ് പ്രതികരിച്ചു.

ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ടു

ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചതോടെ കോടതി പരിസരത്തുണ്ടായിരുന്ന ജനക്കൂട്ടം പ്രകോപിതരായി പ്രതി അര്‍ജുനനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഓടിക്കൂടി. പോലീസ് അര്‍ജുനനെ ഓടിച്ചു കൊണ്ടുപോയി രക്ഷപ്പെടുത്തുകയായിരുന്നു.

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ തെളിവില്ലാതെ വെറുതെ വിട്ടതു നാടിന് നാണക്കേടാണെന്നു ഇടുക്കിയിലെ സിപിഐ നേതാവ് കെ കെ ശിവരാമന്‍

കേസ് അന്വേഷണത്തെ ബാഹ്യ ഇടപെടല്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നു സാധാരണ ജനങ്ങള്‍ സംശയിക്കുമെന്നും നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. തെളിവില്ലെന്ന കോടതിയുടെ വിലയിരുത്തലിന് ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്ന് സിപിഐ നേതാവ് ഇ.എസ്. ബിജിമോള്‍ പ്രതികരിച്ചു. നീതി കിട്ടുന്നതുവരെ കുടുംബത്തിനൊപ്പമെന്ന് ബിജിമോള്‍ പറഞ്ഞു.

വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാര്‍ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലും പ്രതി പാര്‍ട്ടിക്കാരനായതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. സതീശന്‍ ആരോപിച്ചു.

മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും പുതിയ സമന്‍സ് നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഒന്നരവര്‍ഷം മുമ്പ് അയച്ച സമന്‍സാണ് തത്കാലം പിന്‍വലിച്ചത്. അന്വേഷണം തുടരാമെന്നു ഹൈക്കോടതി ഉത്തരവുണ്ടെന്നും ഇഡി അറിയിച്ചു. മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും എതിരായ മുഴുവന്‍ സമന്‍സുകളും പിന്‍വലിച്ചതായി ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു

സാംസ്‌കാരിക മന്ത്രിക്കും സാംസ്‌കാരിക സെക്രട്ടറിക്കും അക്കാദമി അംഗങ്ങള്‍ കത്തു നല്‍കി. അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടയില്‍ ചേര്‍ന്ന യോഗത്തില്‍ 15 അംഗങ്ങളില്‍ ഒമ്പതു പേര്‍ പങ്കെടുത്തു.

വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലുള്ള കേസിനെതിരേ നല്‍കിയ ഹര്‍ജിയാണു തള്ളിയത്.

Related News

Popular News

കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും 14ന്
കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും 14ന്

കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും നവംബർ 14ന് ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ വിപുല പരിപാടികളോടെ...

സാറ കോഹെന്റെ നാട്ടിൽ
സാറ കോഹെന്റെ നാട്ടിൽ

സാറ കോഹെന്റെ നാട്ടിലൂടെ…. അതൊരു യാത്രയായിരുന്നു. മട്ടാഞ്ചേരിയെ തേടിയുള്ള യാത്ര, അതിലുപരി മതേതരത്വത്തെ...

25000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി
25000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി

കൊല്ലം :- ശിശുദിന ആഘോഷം 2023 ന്റെ സംഘടകസമിതി രൂപീകരണ യോഗം കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു....

വിജയങ്ങളുമായി കരുതൽ ഡോജോ
വിജയങ്ങളുമായി കരുതൽ ഡോജോ

കോട്ടയത്ത്‌ വെച്ച് നടന്ന ഷിഹാൻ ബോണി റോബർട്സ് മെമ്മോറിയൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 40 kg വിഭാഗം വൈറ്റ് -ഓറഞ്ച്...

വേണ്ടതെല്ലാം (OCT 14)
വേണ്ടതെല്ലാം (OCT 14)

വേണ്ടതെല്ലാം റാങ്ക് പട്ടിക വിവിധ വകുപ്പുകളിലെ  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി)  ഡ്രൈവര്‍ കം ഓഫീസ്...